(www.thalasserynews.in) വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും രണ്ട് കൂട്ടാളികളും പോലീസിന്റെ പിടിയിൽ. കാക്ക രഞ്ജിത്തിനെ കൊച്ചിയിലെ ഒരു വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്തിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. തൃശ്ശൂർ കയ്‌പമംഗലം കൂരിക്കുഴി സ്വദേശികളായ ചൂലൂക്കാരൻ അബ്ദുൽ അക്ബർ (27), പുതിയ വീട്ടിൽ അൻസാർ (31) എന്നിവരെ മുക്കത്തുനിന്ന് ശനിയാഴ്ച കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷും സംഘവും അറസ്റ്റുചെയ്തു.
കിഴക്കോത്ത് സ്വദേശിയും വ്യവസായിയുമായ യുവാവിനെ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ഫോണിൽവിളിച്ച് 10 ലക്ഷം രൂപകൂടി നൽകിയില്ലെങ്കിൽ അദ്ദേഹത്തെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്.
തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസിൽ വെള്ളിയാഴ്ച പരാതിനൽകിയത്. കോഴിക്കോട് റൂറൽ എസ്.പി. നിതിൻരാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നേരത്തേ പരാതിക്കാരനായ വ്യവസായിയുടെ ഹെൽത്ത് ജിമ്മിൽ സഹായിയായിരുന്നു അറസ്റ്റിലായ അബ്ദുൽ അക്ബർ. അബ്ദുൽ അക്ബറിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായിരുന്നു.
കേസിൽ ഏതാനും പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി. പ്രമോദിന്റെ നേതൃത്വത്തിൽ കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ. ബേബി മാത്യു, എ.എസ്.ഐ. ലിയ, എസ്.സി.പി.ഒ.മാരായ അനൂപ് തറോൽ, സിൻജിത്, രതീഷ്, സി.പി.ഒ.മാരായ ഷഫീഖ് നീലിയാനിക്കൽ, കെ.ജി. ജിതിൻ, റിജോ, ശ്രീനിഷ്, അനൂപ് കരിമ്പിൽ, രതീപ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
A case of extorting money by threatening a businessman, two people arrested