(www.thalasserynews.in) ഹരിയാണയിലെ ജനങ്ങൾ നൽകിയത് താമരപ്പൂക്കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണയിലെ ജനങ്ങൾ പുതിയ ഇതിഹാസം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിയാണയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബി.ജെ.പിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥയാണ് കോൺഗ്രസിനെന്ന് അദ്ദേഹം പരിഹസിച്ചു. നവരാത്രി ദിനത്തിൽ ലഭിച്ച ദാക്ഷായണി ദേവിയുടെ അനുഗ്രഹമായാണ് ഹരിയാണയിലെ വിജയത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗീതയുടെ മണ്ണിൽ സാധനയുടെ ജയമാണിത്. ജമ്മു കശ്മീരിൽ സമാധാനപൂർണമായ തിരഞ്ഞെടുപ്പാണ് നടന്നത്. ഇതുതന്നെ സർക്കാരിന്റെ നേട്ടമാണ്.
കശ്മീർ ജനതയ്ക്ക് ജനാധിപത്യത്തിന്റെ അഭിവാദ്യം അർപ്പിക്കുന്നു. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ബി.ജെ.പിക്കാണ് ലഭിച്ചത്. വിജയത്തിൽ നാഷണൽ കോൺഫറൻസിനെ അഭിനന്ദിക്കുന്നു. ഹരിയാണയിൽ എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നും മോദി പറഞ്ഞു.
"ഹരിയാന വീണ്ടും വീണ്ടും താമര വിരിയിച്ചു. ഇത് ഭരണഘടനയുടെ വിജയമാണ്. സത്യത്തിന്റെയും വികസനത്തിന്റെയും വിജയം കൂടിയാണിത്. ഒരിടത്തും ജനങ്ങൾ കോൺഗ്രസിനു രണ്ടാമൂഴം നൽകിയിട്ടില്ല. ആദിവാസികളെയും ദളിതരയെും പറ്റിക്കുന്ന സർക്കാരുകളായിരുന്നു കോൺഗ്രസിന്റേത്.
ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്. നുണകൾക്ക് മുകളിൽ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കർഷകർ ബി.ജെ.പിക്കൊപ്പമാണ്. ഹരിയാനയിലെ ദളിതരെ കോൺഗ്രസ് അപമാനിച്ചു. ജാതിയുടെ പേരിൽ കോൺഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്.
രാജ്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും നോ എൻട്രി ബോർഡാണ്. അധികാരമില്ലെങ്കിൽ കരയിലെ മീനിന്റെ അവസ്ഥയാണ് കോൺഗ്രസിന്’’ – പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. സർക്കാരിന് ദീർഘകാലമായി പിന്തുണ ലഭിക്കുന്നുവെന്നും ബി.ജെ.പി. പ്രവർത്തകരുടെ പ്രയത്നത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Without power, the state of a fish without water; Prime Minister ridicules Congress