(www.thalasserynews.in) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജസ്റ്റിസ് ഹേമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ അത് സർക്കാരിന്റേതായെന്നും പിന്നീട് സർക്കാരാണ് അതിൽ തീരുമാനം എടുക്കേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ല.
സുപ്രീം കോടതിയുടെ മാർഗനിർദേശം അനുസരിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തരുതെന്നാണ് മാർഗനിർദേശം. രാജ്യത്ത് ഒരു ലെെംഗിക അതിക്രമത്തിലും ഇരയുടെ ഐഡൻ്റിറ്റി പുറത്തുവിടില്ല. നാലര വർഷക്കാലം നടപടിയെടുക്കാതെ അടയിരുന്നതാണ് ഗുരുതരം
. ഇരയുടെ മൊഴികളാണ് റിപ്പോർട്ടിലുള്ളത്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ നടന്നുവെന്നാണ് അതിൻ്റെ അർഥം. കുറ്റകൃത്യം നടന്നുവെന്ന് സർക്കാരിന് വിവരം കിട്ടി'- വിഡി സതീശൻ പറഞ്ഞു. സംസാരിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ടതോടെ പ്രതിപക്ഷ നേതാവ് പ്രകോപിതനായി.
സംസാരിച്ച് പൂര്‍ണമാക്കാതെ പ്രതിപക്ഷ നേതാവ് സീറ്റിലിരുന്നു. 'ഞാനൊന്ന് പൂർത്തിയാക്കിക്കോട്ടെ. ഇന്നലെ അങ്ങ് എത്ര യെസ് പറഞ്ഞു. ഞാൻ നിർത്തുന്നു. ഇത് ശരിയല്ല. അങ്ങ് നിരന്തരമായി യെസ് പറയുകയാണ്. ഇത് ശരിയായ രീതിയല്ല. എന്റെ ഇന്നലത്തെ പ്രസംഗം അങ്ങ് എടുത്ത് നോക്കൂ.
പ്രസംഗത്തിൻ്റെ പാതിഭാഗവും അങ്ങയുടെ യെസ് ആണ്'-സതീശൻ പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ തുടരാൻ ആവശ്യപ്പെട്ടതോടെ സതീശൻ സംസാരം തുടർന്നു.
കുറ്റകൃത്യം നടന്നുവെന്ന് ഒരു വ്യക്തിക്കോ സർക്കാരിനോ വിവരം കിട്ടിയാൽ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിലൂടെ സർക്കാർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
97 മുതൽ 107 വരെയുള്ള പേജ് പുറത്താക്കരുതെന്ന് വിവരാവകാശ കമ്മിഷൻ പറഞ്ഞില്ലെന്നും വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ സർക്കാർ അത് പുറത്തുവിടാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശകമ്മിഷൻ പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ സർക്കാർ അത് പുറത്തുവിട്ടെന്ന് വി.ഡി.സതീശന് മറുപടിയായി സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചുവെന്നും ആർക്കുവേണമെങ്കിലും പരാതി നൽകാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
'Let me finish by saying, half of my speech is your yes'; Satishan to the speaker