തലശേരി:(www.thalasserynews.in) വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്.
‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് പറഞ്ഞ് സ്പീക്കർ അഡ്വ എ എൻ ഷംസീർ കുരുന്നുകളെ അരിമണികളിൽ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകർന്നു നൽകി. തലശ്ശേരി ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിംഗ് മ്യൂസിയത്തിലായിരുന്നു എഴുത്തിനിരുത്ത് നടന്നത്.
തലശ്ശേരിസബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി , മാധ്യമ പ്രവർത്തകൻ എം വി നികേഷ്കുമാർ എന്നിവരും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ഡി.ടി. പി സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു.
പതിനഞ്ചോളം കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു. അക്ഷര ലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് സ്പീക്കർ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി. മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചാണ് 'അ' അക്ഷരങ്ങളുടെ ഉൽസവം നടത്തിയത്.
``Harishree Ganapathaye Namah''; Speaker Adv.AN Shamseer showered initial letter sweetness to the children in Thalassery.