ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കു ന്നില്ലെന്നാരോപിച്ച് എൽഡിഎഫും, യൂഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം. 12 മണിക്കൂർ ഹർത്താലിൻ്റെ ഭാഗമായി പ്രതിഷേധക്കാർ പലയിടത്തും
വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്. വയനാട് ചുരത്തിലും കർണാടകയോട് ചേർന്ന് അതിർത്തി പ്രദേശങ്ങളിലുമാണ് രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്. പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കൽപ്പറ്റ ടൗണിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് പ്രതിഷേധിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ
വയനാട് ദുരന്തബാധിതർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും, ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. ഹർത്താലിന്റെ ഭാഗമായി എൽ ഡിഎഫ് - യുഡിഎഫ് പ്രവർത്തകർ വയനാട്ടിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Wayanad comes to a standstill due to LDF-UDF hartal; tourists who arrived unknowingly are stranded