(www.tha;lasserynews.in)പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു.

എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി. പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ച് നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർത്ഥിയും അമ്മയും ഇന്നലെ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയതും ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തതും.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു.
ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Fake hall ticket for NEET exam: Akshaya Center employee in custody