(www.thalasserynews.in)തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് വിവരം.
പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇക്കാര്യത്തിൽ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിൽക്കുകയായിരുന്നു.

ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകൾ സ്മാര്‍ട്ടായത്. പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഫ്ലക്സുകളും വീഡിയോ വാളും എല്ലാമായി തലസ്ഥാന നഗരത്തിലാകെ നടന്നത് കാടടച്ച പ്രചാരണം. പദ്ധതി കേന്ദ്രത്തിന്‍റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവിൽ റോഡ് പണിതപ്പോൾ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്.
ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നായിരുന്നു. നാൽപത് കോടി കോര്‍പറേഷനും ചെലവാക്കി. കാര്യം ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രഡിറ്റ് അടിച്ചതിലെ കടുത്ത വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. പരിശോധിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് പോയി.
ചെറിയ ജലദോഷത്തെ തുടര്‍ന്ന് വിശ്രമമെന്നായിരുന്നു മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചത്. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതൽ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തിന്‍റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും പരിഗണന കിട്ടുന്നെന്ന ആക്ഷേപം മുതിര്‍ന്ന നേതാക്കൾ പലര്‍ക്കുമുണ്ട്. വ്യവസായ വകുപ്പിന്‍റെ പദ്ധതി ഏകപക്ഷീയമായി ടൂറിസം വകുപ്പ് ഫയലാക്കിയതിലെ അമര്‍ഷം ഇതിന് മുൻപ് മന്ത്രി പി രാജീവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
അര്‍ഹിക്കുന്ന പരിഗണന തദ്ദേശ വകുപ്പിനോ കോര്‍പറേഷനോ നൽകാതെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങ് പൊതുമരാമത്ത് മന്ത്രി ഏറ്റെടുത്തതിൽ വ്യാപക എതിര്‍പ്പ് പുകയുന്നുണ്ട്. സ്മാര്‍ട് റോഡ് കടന്ന് പോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ എല്ലാം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ കരാറുകാരന്‍റെ പിടിപ്പുകേടിൽ പൊതുമരാമത്ത് മന്ത്രിയുമായി കൊമ്പ് കോര്‍ത്ത കടകംപള്ളി സുരേന്ദ്രന്‍റെ അസാന്നിധ്യത്തിനുമുണ്ട് രാഷ്ട്രീയ പ്രസക്തി.
Who gets the credit for smart roads?; Chief Minister withdraws following tug of war between Local Government and Public Works Ministers