(www.thalasserynews.in)കൊയിലാണ്ടി പണി പൂർത്തിയാകാത്ത ബൈപാസ് മേൽപ്പാലത്തിന്റെ വിടവിലൂടെ വീണ സ്കൂട്ടർ യാത്രക്കാരനെ രക്ഷിച്ചത് ബസിന് മുകളിൽ കയറി നിന്ന്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. തിക്കോടി സ്വദേശിയായ അഷ്‌റഫ് (20) ആണ് അപകടത്തില്‍പെട്ടത്. കാലിനും കൈക്കും പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മേല്‍പ്പാലത്തിന് മുകളിലൂടെ സഞ്ചരിക്കവെ ഇരു സ്ലാബുകള്‍ക്കിടയിലെ വിടവില്‍ വാഹനം വീഴുകയായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം യുവാവ് വിടവില്‍ തൂങ്ങി നിന്നു. വിടവില്‍ വാഹനം വീണ കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. ഇതിനിടയില്‍ കൊയിലാണ്ടി അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചു.
സേന എത്തുമ്പോള്‍ അണ്ടര്‍പാസിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുകളില്‍ കയറിനിന്ന് നാട്ടുകാര്‍ യുവാവിനെ താങ്ങിനിര്‍ത്തിയിരുന്നു. സേനാംഗങ്ങള്‍ പെട്ടെന്ന് തന്നെ ബസിന് മുകളില്‍ കയറി നാട്ടുകാരുടെ സഹായത്തോടെ ക്രോബാർ ഉപയോഗിച്ച് സ്കൂട്ടർ നീക്കം ചെയ്ത് യുവാവിനെ താഴെയിറക്കി.
ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിന്റെ നേതൃത്വത്തിൽ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എൻപി, അമൽദാസ്, രജിലേഷ് പി.എം, സുജിത്ത് എസ്പി, ഹോംഗാര്‍ഡുമാരായ രാജേഷ് കെ.പി, പ്രദീപ് കെ, പ്രതീഷ്, ബാലൻ ഇ.എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Crack in Koyilandi flyover; bus stops to save scooter passenger who fell through gap