തലശ്ശേരി: (www.thalasserynews.in)തലശ്ശേരി ജനറല്‍ ആശുപത്രിയുടെ ഭാവി വികസനം ലക്ഷ്യമാക്കി 50 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്നതിന് അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കും.
തലശ്ശേരി ജനറല്‍ ആശുപത്രി നഗരമധ്യത്തില്‍ നിന്നും കണ്ടിക്കലില്‍ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഘട്ടംഘട്ടമായി ആശുപത്രി ഷിഫ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ആദ്യം ജനറല്‍ മെഡിസിന്‍ വിഭാഗം ഇവിടേയ്ക്ക് മാറ്റും.
ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ തുകയില്‍ ഭൂമിനിരപ്പാക്കുന്നതിനും കോമ്പൗണ്ട് വാള്‍ പണിയുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും 5.3 കോടി രൂപയാണ് അതിനുള്ള എസ്റ്റിമേറ്റെന്നും ബാക്കി 4.7 കോടി രൂപ പുതിയ ബ്ലോക്ക് പണിയുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയുക്തമാക്കുന്നതിനും തീരുമാനിച്ചു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗും സ്ട്രക്ച്ചറല്‍ ഡിസൈനും എസ്റ്റിമേറ്റും ജൂണ്‍ മാസം അവസാനത്തോടെ തയ്യാറാക്കി ജൂലൈ മാസം ആദ്യ ആഴ്ച പ്രോപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ പ്രധാന ജനറല്‍ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറല്‍ ആശുപത്രി പുതിയ സ്ഥലത്ത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ കാന്‍സര്‍ സെന്റര്‍, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന തിരുവങ്ങാട്-കോടിയേരി മേഖല തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറുമെന്നും രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു, അഡീഷണല്‍ ഡയറക്ടര്‍(പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, പൊതുമരാമത്ത് ചീഫ് ആര്‍ക്കിടെക്ട് രാജീവ് പി.എസ്., ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍ ബീന, അസി. എക്സി. എഞ്ചിനീയര്‍ ലജീഷ് കുമാര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Thalassery General Hospital to take a leap in development Thiruvangad-Kodiyeri region to become a medical hub