തലശ്ശേരി:(www.thalasserynews.in) ഒ.വി റോഡിൽ എൻ.സി.സി റോഡ് കവലയിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതക്കുരുക്കിനും യാത്ര തടസ്സത്തിനും വഴിയൊരുക്കുന്നു.
ഏറെ തിരക്കേറിയതും എന്നാൽ, ഇടുങ്ങിയതുമാണ് ഒ.വി റോഡ്. എൻ.സി.സി റോഡിൽ തിരിയുന്നിടത്താണ് സ്വകാര്യ ബസുകൾ അനധികൃതമായി അഞ്ചും പത്തും മിനിറ്റുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നത്. യാത്രക്കാർ കയറുന്നത് വരെ ബസുകൾ കാത്തുനിൽക്കുന്നതിനാൽ പലപ്പോഴും ഗതാഗതക്കുരുക്കിനിടയാവുന്നു.
കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും സമീപത്തെ വ്യാപാരികൾക്കും ഇത് ഒരുപോലെ ദുരിതമാവുകയാണ്. ഇവിടെ ബസ് നിർത്തിയിടുന്നത് കാരണം സമീപത്തെ സ്ഥാപനങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ റോഡ് ക്രോസ് ചെയ്യാൻ പ്രയാസപ്പെടുകയാണ്.
ബസിന്റെ മറവിലൂടെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുതിച്ചുവരുന്ന ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും ഇടയിൽപെട്ട് അപകടങ്ങൾക്ക് ഇടയാകുന്നതും പതിവാണ്.
കണ്ണൂർ, അഞ്ചരക്കണ്ടി, മമ്പറം ചിറക്കുനി, പാറപ്രം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് ഇവിടെ ആളുകളെ കയറ്റാൻ നിർത്തിയിടുന്നത്.
പല ഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ എൻ.സി.സി റോഡിൽ ബസിറങ്ങിയാണ് പഴയ ബസ് സ്റ്റാൻഡിലേക്കും മറ്റും കാൽനടയായി പോകുന്നത്.
ഒ.വി റോഡിൽ ബസുകൾ അനധികൃതമായി നിർത്തിയിടുന്നത് ഒഴിവാക്കാൻ ആദ്യമൊക്കെ കവലയിൽ ട്രാഫിക് പൊലീസുകാരന്റെ സേവനമുണ്ടായിരുന്നു. ഇപ്പോൾ പൊലീസിന്റെ സേവനമില്ല.
നഗരസഭയുടെ മേൽനോട്ടത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുണ്ടെങ്കിലും എല്ലാം കുത്തഴിഞ്ഞ അവസ്ഥയാണ്. ഇടക്ക് യോഗം ചേർന്ന് തീരുമാനമെടുക്കുന്നതല്ലാതെ ഫലത്തിൽ ഒന്നും നടക്കുന്നില്ല.
സ്കൂൾ തിരക്കുള്ള സമയങ്ങളിൽ പോലും ട്രാഫിക് പൊലീസിനെ പ്രധാന കവകളിലൊന്നും കാണാറില്ല. പൊലീസ് അനാസ്ഥയാണ് ബസുകളുടെ അനധികൃത സ്റ്റോപ്പുകൾ വ്യാപകമായതെന്നാണ് വ്യാപാരികൾ അടക്കമുള്ളവർ പറയുന്നത്.
Stopping of buses on Thalassery OV road causes traffic jam